
തരക്കേടില്ലാത്ത സൌന്ദര്യവും, ഉയര്‍ന്ന ജോലിയും, സാമ്പത്തിക ശേഷിയുമുള്ള ഇന്ത്യക്കാരനായ യുവാവിന് അമേരിക്ക,ബ്രട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ജോലിയും സൌന്ദര്യവുമുള്ള അനുയോജ്യരായ യുവതികളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു..., വരുംവര്‍ഷങ്ങളില്‍ പത്രത്താളുകളില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന ഒരു വിവാഹ പരസ്യമാണിത്്. കാരണം ഇന്ത്യന്‍ വിവാഹകമ്പോളത്തില്‍ പെണ്‍കുട്ടികളെ കിട്ടാതാകുന്ന ഒരു കാലഘട്ടം പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ യുവത്വം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും തങ്ങളുടെ വിവാഹകമ്പോളത്തില്‍ പെണ്‍കുട്ടികളെ കിട്ടാതിരിക്കുന്നത്.
ഇന്ത്യയിലെ പുതിയ സെന്‍സസ് വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു. 1947 നു ശേഷമുളള ഏറ്റവും വലിയ സ്ത്രീപുരുഷ അനുപാതമാണ്് സംജാതമായിരിക്കുന്നത്. ആറു വയസിനു താഴെ ആയിരം ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഇന്ത്യയില്‍. നമ്മുടെ പെണ്‍കുട്ടികള്‍ എങ്ങോട്ട് പോകുന്നു, ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന പ്രവണത കൂടി വരികയാണന്നാണ് പുതിയ സെന്‍സസ് വിവരങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നത്. പരമ്പരാഗതമായി ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്ന ചില ഗ്രാമങ്ങളിലായിരുന്ന മുമ്പ് ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യകള്‍ കൂടി വന്നിരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി, ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതിന് പകരം ജനിച്ചത് പെണ്‍കുഞ്ഞായാല്‍ ആറുവയസിനുള്ളില്‍ അതിനെ കൊലപ്പെടുത്തുന്ന കിരാതമായ നടപടികളാണ് പുതിയ സമൂഹത്തില്‍ കണ്ടുവരുന്നത്. ജനിച്ച കുട്ടി പെണ്ണായാല്‍ അതിന് വേണ്ടത്ര പോഷകാഹാരം നല്കാതിരിക്കുക, രോഗം വന്നാല്‍ ചികിത്സിക്കാതിരിക്കുക, പട്ടിണിക്കിടുക..ഇങ്ങനെ പല കിരാതമായ നടപടികളാണ് വടക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന എന്നിവടങ്ങളിലാണ് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ അനുപാതം കാണപ്പെട്ടിരിക്കുന്നത്. 2006-ല്‍ അഞ്ചു ലക്ഷം അബോര്‍ഷനുകളാണ് രാജ്യത്ത് നടന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുമ്പോഴും 2011 ആയപ്പോഴേക്കും ലക്ഷങ്ങളില്‍ നിന്ന് അബോര്‍ഷന്റെ എണ്ണം കോടികളില്‍ എത്തിയിരിക്കുന്നു.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വ്യതിയാനമാണ് അബോര്‍ഷനുകള്‍ ഇത്ര വര്‍ദ്ധിക്കാന്‍ കാരണം. പെണ്‍കുട്ടികളുടെ വിവാഹ കമ്പോളത്തില്‍ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ട അവസ്ഥയാണ് മധ്യവര്‍ഗത്തിനുള്ളത്. അതാണ് പെണ്‍കുട്ടികള്‍ ഗര്‍ഭപാത്രത്തിന് അകത്തും പുറത്തും വച്ച് ഇത്രയും കൊല്ലപ്പെടുവാന്‍ കാരണം. ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയ്ക്കാന്‍ പറ്റാത്ത സാമ്പത്തിക സ്ഥിതി കാരണം പെണ്‍കുട്ടികളെ വില്ക്കുന്ന പ്രവണതയും കൂടി വരുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നത് കുടുംബത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. ആണ്‍കുട്ടികളാകട്ടെ സന്തോഷത്തിന്റെ പ്രതീകവും. രാജ്പുട്ട് സമുദായത്തില്‍ ഇപ്പോഴും പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന പ്രവണത കൂടി വരുന്നു.
1981ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 962 പെണ്‍കുട്ടികളുണ്ടായിരുന്നു. 91-ല്‍ അത് 945 ആയും 2001ല്‍ 927 ആയും അനുപാതം കുറഞ്ഞു. 1000 ആണ്‍കുട്ടികള്‍ക്ക് 952 പെണ്‍കുട്ടികളാണ് ലോകത്തിന്റെ അനുപാതം. വിദ്യാഭ്യാസത്തില്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന ഡല്‍ഹി പോലെയുള്ള മെട്രോ നഗരങ്ങളിലാണ് അബോര്‍ഷന്‍ കൂടുതലായി നടക്കുന്നത്.പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായ ചില വിശ്വാസങ്ങളുടെ പേരിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത്. 1961-ല്‍ ഈ സംസ്ഥാനങ്ങളില്‍ പെണ്‍ഭ്രൂണഹത്യ തടയുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാന്‍ പ്രത്യേക നിയമനടപടികള്‍ കൈകൊണ്ടിരുന്നു. എന്നാല്‍ പെണ്‍ ഭ്രൂണഹത്യകള്‍ക്ക് ഇപ്പോഴും ഒരു കുറവ് സംഭവിച്ചിട്ടില്ല. സ്ത്രീധന സബ്രദായത്തിന്റെ പേരില്‍ ഒരു വര്‍ഷം 25000 സ്ത്രീകള്‍ കൊല്ലപ്പെടുന്ന എന്നാണ് നാഷണല്‍ ക്രൈംബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷം 15 മില്യണ്‍ ആണ്‍കുട്ടികള്‍ ഇന്ത്യയില്‍ ജനിക്കുന്നു. പെണ്‍കുട്ടികളാകട്ടെ 12 മില്ല്യണും. ഇതില്‍ 1 മില്ല്യണ്‍ പെണ്‍കുട്ടികള്‍ ഒരു വയസാകുന്നതിന് മുമ്പ് തന്നെ മരിക്കുന്നു.
ജനിക്കുന്നതിന് മുമ്പേ ലിംഗനിര്‍ണയം നടത്താനുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ ഇന്നു ഗ്രാമത്തിലെ ക്ളിനിക്കുകളില്‍ പോലും ലഭ്യമാണ്. അതും പെണ്‍ഭ്രൂണഹത്യ വര്‍ദ്ദിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ്. ലിംഗ നിര്‍ണയം നടത്തുന്ന ഡോക്ടര്‍മാര്‍ക്കുള്ള ശിക്ഷാനടപടികളും കുറവാണ്. മൂന്നു വര്‍ഷം വരെ തടവും 10000 രൂപ വരെ പിഴയുമാണ് ലഭിക്കാവുന്ന പരമാവധി ശിക്ഷ.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ഭര്‍ത്താവിന്റെ അമ്മമാരായിരുന്ന പെണ്‍കുട്ടികളെ കൊല്ലുന്നത്. തമിഴ്നാട്ടിലെ സേലം, ഡിണ്ടിഗല്‍, മധുര, തേനി, ധര്‍മ്മപുരി തുടങ്ങിയ ഗ്രാമങ്ങളിലായിരുന്നു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നത്. ജനിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. വിഷം ചേര്‍ത്തും, ഗോതമ്പുമണികള്‍ പാലില്‍ കലര്‍ത്തിയുമായിരുന്നു കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സെന്‍സസ് പ്രകാരം ഇവിടെ പണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് കുറഞ്ഞുവരുന്നുണ്ട്. 100 മില്യണ്‍ പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം കുറഞ്ഞു വരുന്നത്. പഞ്ചാബില്‍ ഒരുപഴചൊല്ലുണ്ട്, പെണ്‍കുട്ടികളെ വളര്‍ത്തുന്നത് മറ്റാരുടേയോ പൂന്തോട്ടം നനയ്ക്കുന്നതിനോടാണ് ഉപമിച്ചിരിക്കുന്നത്. ആണ്‍കുട്ടികളാകട്ടെ വീട്ടിലേക്കുള്ള ധനമാണന്നുമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന പുതിയ കാലഘട്ടത്തിലാണ് നമ്മള്‍. രാഷ്ട്രീയത്തിലും അന്താരാഷ്ട്ര രംഗത്തും പുരുഷനെക്കാള്‍ ഒരു ചുവട് മുന്നില്‍ അവളുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഗ്രാമങ്ങളില്‍ കൊടികുത്തിവാഴുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുക, നമ്മള്‍ക്കു വേണ്ടത് ഒരു കല്പന ചൌളയെ മാത്രമല്ല, ആയിരകണക്കിന് ചൌളമാരെ ആവശ്യമുണ്ട്, ഒരു പക്ഷേ നിങ്ങള്‍ കൊലപ്പെടുത്തുന്നത് നാളയുടെ ചൌളമാരെയായിരിക്കാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ